നാട്ടുവിശേഷം

നാടിന്റെ അടിസ്ഥാനവിവരങ്ങള്‍

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ ഇരിക്കൂര്‍ ബ്ലോക്കില്‍ പടിയൂര്‍, കല്യാട്, വയത്തൂര്‍, നുച്യാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത്.
കണ്ണൂർ ലോകസഭാമണ്ഡലത്തിലും മട്ടന്നൂർ നിയമസഭാമണ്ഡലത്തിലുമാണ്‌ ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. പടിയൂർ, കല്യാട്, പുലിക്കാട്, ബ്ലാത്തൂർ, തിരൂർ, കുയിലൂർ, നിടിയോടി, കല്ലുവയൽ, പെരുമണ്ണ്, ഊരത്തൂർ എന്നീ ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ഈ പഞ്ചായത്ത്.
പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 55.40 ചതുരശ്ര കിലോമീറ്ററാണ്. 
ഭൂപ്രകൃതി
പടിയൂര്‍ ഒരു മലനാട് പ്രദേശമാണ്. റബ്ബര്‍, തെങ്ങ്, കശുമാവ്, കുരുമുളക്, കവുങ്ങ്, നെല്ല് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷികള്‍. വളപട്ടണംപുഴ, നുച്യാട്പുഴ എന്നിവ ഈ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്. ഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ മുകള്‍തട്ട് സമതലം, വലിയ ചെരിവ്, ഇടത്തരം ചെരിവ്, ചെറിയ ചെരിവ്, തീരതാഴ്വര സമതലം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കരിമണ്ണ്, ചെമ്മണ്ണ്, മണല്‍മണ്ണ്, ചരല്‍മണ്ണ് , പശിമരാശി മണ്ണ് എന്നീ മണ്ണിനങ്ങളാണ് ഈ പഞ്ചായത്തില്‍ സാധാരണയായി കണ്ടുവരുന്നത്. കൈക്കൂലിത്തട്ട്, പന്ന്യാംകുന്ന്, പറന്തലാട്ട് മല, വാര്‍മല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉയര്‍ന്ന പ്രദേശങ്ങള്‍. 
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടടുത്ത ഘട്ടത്തില്‍ പ്രദേശത്തിന്റെ ഭൂരിഭാഗവും വനമായിരുന്നു. ചരിത്രത്താളുകളില്‍, പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍, ചിറക്കല്‍ താലൂക്കില്‍, ഇരിക്കൂര്‍ എന്ന കൊച്ചുപട്ടണം ഉണ്ടായിരുന്നതായി കാണാന്‍ കഴിയും. പില്‍ക്കാലത്ത് അത് കേരളസംസ്ഥാനത്തിലെ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിന്റെ അവിഭാജ്യഘടകമായി മാറി. ഇരിക്കൂര്‍ ഫര്‍ക്കയില്‍ 45 ചതുരശ്രമൈല്‍ വിസ്തൃതിയുണ്ടായിരുന്ന പ്രദേശത്തിന്റെ ആസ്ഥാനം എള്ളരിഞ്ഞി ആയിരുന്നു. ഭരണാധികാരി കരിക്കാട്ടിടം നായനാര്‍ ആയിരുന്നു. അധികാരി, മേനോന്‍മാര്‍, കോലക്കാര്‍ എന്നിങ്ങനെയുള്ള ഉദ്യോഗസ്ഥ രീതിയായിരുന്നു അന്നുണ്ടായിരുന്നത്. പാരമ്പര്യ രീതിയിലായിരുന്നു ഭരണക്കാരെ നിശ്ചയിച്ചിരുന്നത്. അധികാരം പിന്‍തുടര്‍ച്ചയായിരുന്നു. ഭൂനികുതി പിരിക്കാനും, നീതിന്യായം നടത്താനും ജനനമരണം രജിസ്റ്റര്‍ ചെയ്യാനും ഉള്ള അധികാരം അധികാരികള്‍ക്കുണ്ടായിരുന്നു. അധികാരി, ഗ്രാമമുന്‍സിഫ്, ഗ്രാമമജിസ്ട്രേട്ട്, ജനനമരണ രജിസ്ട്രാര്‍, പൌണ്ട് കീപ്പര്‍ എന്നീ ഔദ്യോഗിക നാമങ്ങളും അധികാരിക്കുണ്ടായിരുന്നു. വിസ്തൃതമായ ഈ ഭൂവിഭാഗത്തില്‍ ജനവാസം വളരെ പരിമിതമായിരുന്നു. സാമുദായിക അടിസ്ഥാനത്തിലാണ് ജനങ്ങള്‍ താമസിച്ചിരുന്നത്. മുച്ചിലോട്ടു ഭഗവതിക്ഷേത്രം, ഗണപതിക്ഷേത്രം എന്നിവ പ്രധാന ആരാധനാലയങ്ങളായിരുന്നു. ആദിവാസി വിഭാഗക്കാരായ കരിമ്പാലര്‍, മാവിലര്‍ എന്നിവരും ഈ പ്രദേശങ്ങളില്‍ അധിവസിച്ചിരുന്നു. കരിമ്പാലര്‍ സ്ഥിരതാമസക്കാരും മാവിലര്‍ മാറിമാറി താമസിച്ച് വന്നിരുന്നവരുമാണ്. മുസ്ലിങ്ങളും നാമമാത്രമായി ഇവിടെയുണ്ടായിരുന്നു. സവര്‍ണ്ണ മേധാവിത്വം നിലനിന്ന അക്കാലത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം സവര്‍ണര്‍ക്കുമാത്രമായിരുന്നു. 1938-ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അഖിലേന്ത്യാ കര്‍ഷകസംഘം ജനറല്‍ സെക്രട്ടറി സ്വാതന്ത്ര്യസമര ദേശീയ പ്രസ്ഥാനത്തിലെ ഭാഗമായി പഞ്ചായത്തില്‍ പ്രസംഗിച്ചു. എ.കെ.ജി, കെ.പി.ആര്‍.ഗോപാലന്‍ തുടങ്ങിയവര്‍ അഭിനയിച്ച പാട്ടബാക്കി എന്ന നാടകം അവതരിപ്പിച്ചു. രണ്ടാംലോക മഹായുദ്ധാനന്തര പട്ടിണിയും ജന്മിമാരുടെ വിലക്കുകളും അതിജീവിക്കുന്നതിനായുള്ള സമരങ്ങളില്‍ ഭാരതീയന്‍, കേരളീയന്‍, സുബ്രഹ്മണ്യഷേണായി, എ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുച്ചിലോട്ട് ഭഗവതി, വേട്ടക്കൊരു മകന്‍, തീച്ചാമുണ്ഡി തുടങ്ങി നിരവധി ക്ഷേത്രങ്ങളും അതുപോലെ തന്ന ക്രിസ്ത്യന്‍ ദേവാലയങ്ങളും ഏതാനും മുസ്ളീം പള്ളികളുമാണ് ആദ്യ കാലം മുതല്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക വേദിയില്‍ നിറഞ്ഞു നിന്ന പ്രധാന ആരാധനാലയങ്ങള്‍. 
അതിർത്തി
പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് : ഉളിക്കല്‍, പായം, കീഴൂര്‍ചാവശ്ശേരി ഗ്രാമപഞ്ചായത്തുകളും, വടക്ക് : പയ്യാവൂര്‍, ഉളിക്കല്‍, ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തുകളും, പടിഞ്ഞാറ് : ഇരിക്കൂര്‍, ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തുകളും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും, തെക്ക് : കീഴൂര്‍ചാവശ്ശേരി, ഇരിക്കൂര്‍ പഞ്ചായത്തുകളും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുമാണ്.

വാർഡുകൾ

1. മണ്ണേരി 2. ബ്ലാത്തൂർ 3. തിരൂർ 4. ഊരത്തൂർ 5. ആര്യങ്കോട് 6. പുലിക്കാട് 7. കല്ലുവയൽ 8. നിടിയോടി 9. പടിയൂർ 10. പൂവം 11. കുയിലൂർ 12. പെരുമണ്ണ് 13. പെടയങ്കോട് 14. കല്ല്യാട് 15. ചോലക്കരി 
പഞ്ചായത്ത് രൂപീകരണം...ആദ്യകാല ഭരണസമിതികൾ
1955 ഏപ്രിൽ 20-നാണ് പടിയൂർ-കല്യാട് പഞ്ചായത്ത് നിലവിൽ വന്നത്. 1963-ൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന്‌ 1964 ജനുവരി 1-ന്‌ ടി.ആർ നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു
പെരുമ
സ്വാതന്ത്ര്യസമര സേനാനിയും, രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന കോയാടന്‍ നാരായണന്‍ നമ്പ്യാര്‍, സാംസ്കാരിക പ്രവര്‍ത്തകരായിരുന്ന പി.നാരായണന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ കുരുക്കള്‍, തണ്ടേല്‍ കേശവന്‍ എന്നിവരും ഭൌതിക ശാസ്ത്ര അദ്ധ്യാപകനായിരുന്ന കെ.ടി.ഹരിചന്ദ്രന്‍ മാസ്റ്റര്‍, സാമൂഹ്യ പരിഷ്കര്‍ത്താക്കളായിരുന്ന കല്ല്യാട് കൂനന്‍ പൈതല്‍ ചെട്ടിയാര്‍, എ.കുഞ്ഞിക്കണ്ണന്‍ എം.സി.ആര്‍, ഒ.പി.അനന്തന്‍ മാസ്റ്റര്‍, എന്‍.നാരായണന്‍ കോയാടന്‍, നാരായണന്‍ നായര്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ സന്തതികളായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളായ മുല്ലപ്പള്ളി കുഞ്ഞിരാമന്‍ നമ്പ്യാര്‍, ബ്ലാത്തൂര്‍ എ.പി.ശാദുലി എന്നിവര്‍ പഞ്ചായത്തില്‍ നിന്നുള്ള പ്രമുഖരാണ്.

ഭൗതികസൗകര്യങ്ങള്‍
24 കുളങ്ങളും 63 പൊതുകിണറുകളും ഈ പഞ്ചായത്തിലുണ്ട്. പഞ്ചായത്തില്‍ ശുദ്ധജലത്തിനായി 16 പൊതുകുടിവെള്ള ടാപ്പുകളുണ്ട്. വൈദ്യുതിവല്‍ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ 187 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പെരുമണ്ണ് മീന്‍കടവാണ് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രം. ഇരിട്ടി-തളിപ്പറമ്പ്, ബ്ളാത്തൂര്‍-ഇരിക്കൂര്‍, കല്ല്യാട്-ഊരത്തൂര്‍-തേര്‍മല, പടിയൂര്‍-കൊമ്പന്‍പാറ പെരുവന്‍പറമ്പ്, കല്ലുവയല്‍, നെല്ലിക്കാംപൊയില്‍ റോഡ്, കണിയാര്‍വയര്‍, കാഞ്ഞിലേരി, ഉളിക്കല്‍ റോഡ്, പൂവ്വം, കല്ല്യാട് റോഡ് എന്നിവ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളാണ്. ഇരിട്ടി, ഇരിക്കൂര്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ബസ്സ്റ്റാന്റുകള്‍. പെരുമണ്ണ്-പൊറോറ, തിരൂര്‍-ചമതച്ചല്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ജലഗതാഗത കേന്ദ്രങ്ങള്‍. മംഗലാപുരമാണ് തൊട്ടടുത്ത തുറമുഖം. കണ്ണൂര്‍ റെയില്‍വേസ്റ്റേഷനാണ് ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍. വിദേശയാത്രയ്ക്കായി ഗ്രാമവാസികള്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ എടുത്തു പറയത്തക്ക വന്‍കിടവ്യവസായങ്ങള്‍ ഒന്നുംതന്നെയില്ല. ചെറുകിട മേഖലയില്‍ തേനീച്ച വളര്‍ത്തല്‍, പച്ചക്കറി, ന്യൂട്രി മിക്സ്, മറ്റ് കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, നെയ്ത്ത്, മത്സ്യകൃഷി എന്നിവ നിലവിലുണ്ട്. ഇത് കൂടാതെ ഇന്റര്‍ലോക്ക് ബ്രിക്സ് കമ്പനി, മരമില്ലുകള്‍, റൈസ് മില്ലുകള്‍, ഫര്‍ണിച്ചര്‍ ഷോപ്പ്, വെല്‍ഡിംഗ് ഷോപ്പ്, പെയിന്റ് ഫാക്ടറി എന്നീ ഇടത്തരം വ്യവസായങ്ങളും ഈ പഞ്ചായത്തിലുണ്ട്. പൊതുവിതരണ മേഖലയില്‍ 6 റേഷന്‍ കടകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ മാവേലി സ്റ്റോറും, നീതി സ്റ്റോറും ഓരോന്നു വീതം ഈ പഞ്ചായത്തിലുണ്ട്. പുലിക്കാട്, ബ്ലാത്തൂര്‍, തിരൂര്‍, പടിയൂര്‍, കുയിലൂര്‍, കല്ല്യാട് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍. 
ആരാധനാലയങ്ങള്‍
വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അയ്യന്‍കോവില്‍ ശ്രീമഹാവിഷ്ണുക്ഷേത്രം നിടിയോടി, കല്ല്യാട് ഗണപതിക്ഷേത്രം, പൊടിക്കളം ക്ഷേത്രം - പടിയൂര്‍ തുടങ്ങി 16 ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പടിയൂര്‍ ജുമാഅത്ത് പള്ളി, പെടയന്‍കോട് ജുമാ മസ്ജിദ്, മണ്ണേരി ജുമാഅത്ത് പള്ളി, ബ്ലാത്തൂര്‍ ജുമാമസ്ജിദ്, പെടയന്‍കോട് കുഞ്ഞിപ്പള്ളി, ബ്ലാത്തൂര്‍ ടൗണ്‍ പള്ളി, ബ്ലാത്തൂര്‍ അരയാല്‍ സമീപംപള്ളി എന്നിവയാണ് പഞ്ചായത്തിലെ മുസ്ലിം പള്ളികള്‍. കല്ലുവയല്‍ സെന്റ് ആന്റണീസ് ചര്‍ച്ച്, പടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി, സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് തിരൂര്‍, സെന്റ് തോമസ് ചര്‍ച്ച് മാങ്കുഴി, സി.എസ്.ഐ ചര്‍ച്ച് വള്ളിത്തല, സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ച്- കൊമ്പന്‍പാറ എന്നീ ക്രിസ്ത്യന്‍ പള്ളികളും ഇവിടെയുണ്ട്. തെയ്യം തിറമഹോത്സവം, ഓണം, വിഷു, ക്രിസ്തുമസ്, ഈദുല്‍ ഫിത്തര്‍, ബക്രീദ്, റംസാന്‍, തെയ്യാട്ടം, നെയ്യമൃത് മഠം, തിറമഹോത്സവം, ബ്ലാത്തൂര്‍ മൂത്തേടം ശ്രീവേട്ടക്കൊരുമകന്‍ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. 

സംസ്കാരികകേന്ദ്രങ്ങള്‍
നിടിയോടി ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥശാല, പടിയൂർ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം, കുയിലൂർ പൊതുജന വായനശാല, ബ്ലാത്തൂർ സി.ആർ.സി. ഗ്രന്ഥാലയം, ആലത്തൂർ പി കുമാരൻ സ്മാരക ഗ്രന്ഥാലയം എന്നിവ പഞ്ചായത്തിലെ ഗ്രന്ഥശാലകളാണ്. .കെ.ജി.സ്മാരക വായനശാല ഊരത്തൂർ, തിരൂർ പൊതുജന വായനശാല, നിടിയോടി പൊതുജന വായനശാല, .കെ.ജി. വായനശാല കരവൂർ, ഐക്യോദയ വായനശാല ചടച്ചിക്കുണ്ടം, കല്ല്യാട് സാംസ്കാരിക നിലയം വായനശാല എന്നീ വായനശാലകളും പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. കല്ല്യാട് സാംസ്കാരിക നിലയം, ചടച്ചിക്കുണ്ടം കമ്മ്യൂണിറ്റി ഹാൾ, മാങ്കുഴി പട്ടികവർഗ്ഗ കമ്മ്യൂണിറ്റിഹാൾ, തിരൂർ സാംസ്കാരിക നിലയം എന്നിവ പടിയൂരിലെ കമ്മ്യൂണിറ്റി ഹാളുകളാണ് .പടിയൂർ, കല്ല്യാട് എന്നിവിടങ്ങളിൽ വൃദ്ധജനങ്ങൾക്കും, ശാരീരികമായി വെല്ലുവിളി നേരിടുന്നവർക്കുമുള്ള വിശ്രമ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
യുവധാര കലാകായിക വേദി-കല്ല്യാട്, റെഡ്സ്റ്റാര്‍ കലാകായിക വേദി-കല്ല്യാട്, പ്രതിഭ കലാകായിക വേദി എന്നിവ ഈ പഞ്ചായത്തിലെ കലാരംഗത്തെ സ്ഥാപനങ്ങളാണ്. സന്തോഷ് റിക്രിയേഷന്‍ ക്ലബ്ബ്-ഊരത്തൂര്‍, സംഗമം തിയേറ്റേഴ്സ്-കുയിലൂര്‍, ടോപ്പ്ടോണ്‍-പടിയൂര്‍, ഇ.എം.എസ്. ഗ്രന്ഥാലയം ആന്റ് നവശക്തി വനിതാ ക്ലബ്ബ്- പെരുമണ്ണ് എന്നിവ സാംസ്കാരിക രംഗത്തെ സ്ഥാപനങ്ങളാണ്. നാഷണല്‍ ര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്-കല്ല്യാട്, വിശ്വഭാരതി-കല്ല്യാട്, വിറ്റ്നസ്-ഊരത്തൂര്‍ തുടങ്ങി കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന 9 സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 
ആരോഗ്യം
ആരോഗ്യമേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ഊരത്തൂരില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ബ്ലാത്തൂര്‍, പടിയൂര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. പടിയൂരില്‍ ഒരു ആയുര്‍വദ ഡിസ്പെന്‍സറിയും, ബ്ലാത്തൂര്‍, കുയിലൂര്‍ എന്നിവിടങ്ങളില്‍ ഓരോ ഹോമിയോ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണ രംഗത്ത് പഞ്ചായത്തിന്റേതായി ബ്ലാത്തൂരില്‍ ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ പടിയൂര്‍, കുയിലൂര്‍ എന്നിവിടങ്ങളില്‍ ഐ.സി.ഡി.പി. ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്.
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
സർക്കാർ മേഖലയിൽ 
പടിയൂര്‍ ഗവ.ഹയർസെക്കന്‍ഡറി സ്കൂൾ  ആണ് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം.
സ്വകാര്യമേഖലയിൽ 
എസ്.എൻ. യു.പി. സ്കൂൾ- പടിയൂർ, .യു.പി.സ്ക്കുൾ- കല്ല്യാട്, ഗാന്ധി വിലാസം എൽ.പി.സ്കൂൾ- ബ്ലാത്തൂർ, ഊരത്തൂർ എൽ.പി.സ്കൂൾ, പെരുമണ്ണ് നാരായണ വിലാസം എൽ.പി. സ്കൂൾ, കുയിലൂർ എൽ.പി.സ്കൂൾ, കല്ലുവയൽ സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. സിബ് ഗ കോളേജാണ് പഞ്ചായത്തിലെ ഒരേയൊരു കോളേജ്. 
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍
പടിയൂര്‍ ബ്രാഞ്ച് പോസ്റ്റോഫീസ്, കല്ലുവയല്‍ ബ്രാഞ്ച് പോസ്റ്റോഫീസ്, കല്ല്യാട് ബ്രാഞ്ച് പോസ്റ്റോഫീസ്, കൊശവന്‍ വയല്‍ ബ്രാഞ്ച് പോസ്റ്റോഫീസ്, റീജനല്‍ റബര്‍ റിസര്‍ച്ച് സ്റ്റേഷന്‍, പടിയൂര്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ എന്നിവയാണ് പഞ്ചായത്തിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍.
ധനകാര്യ സ്ഥാപനങ്ങൾ
നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, എസ്.ബി.റ്റി. ബ്ലാത്തൂർ എന്നീ ദേശസാൽകൃത ബാങ്കുകളും, കല്ല്യാട് സർവ്വീസ് സഹകരണ ബാങ്ക്, ഉളിക്കൽ സർവ്വീസ് സഹകരണ ബാങ്ക്-പടിയൂർ ശാഖ, വനിതാ സഹകരണസംഘം പടിയൂർ, കല്ല്യാട് എന്നീ സഹകരണ ബാങ്കുകളും ഈ പഞ്ചായത്തിലെ ധനകാര്യ സ്ഥാപനങ്ങളാണ്.

No comments:

Post a Comment